Latest Updates

മൂന്നാം കക്ഷി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം (എംഒആര്‍ടിഎച്ച്).  ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (ഐആര്‍ഡിഎഐ) ഏകോപിപ്പിച്ചാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തുന്നത്. 


മാര്‍ച്ച് 4 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍, വലിയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ നിരക്കുകള്‍, അന്തിമമായിക്കഴിഞ്ഞാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മോട്ടോര്‍ വാഹന വിഭാഗത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുന്നത്. COVID-19 വ്യാപനം  കാരണം നിലവിലെ സാമ്പത്തിക വര്‍ഷത്തിലും 2021 സാമ്പത്തിക വര്‍ഷത്തിലും പുനരവലോകനം നിര്‍ത്തിവച്ചിരുന്നു.

MoRTH പുറത്തിറക്കിയ ഡ്രാഫ്റ്റ് അനുസരിച്ച്, ക്യൂബിക് കപ്പാസിറ്റി (സിസി) 150-ല്‍ കൂടുതലുള്ളതും എന്നാല്‍ 350-ല്‍ താഴെയുള്ളതുമായ ഇരുചക്രവാഹനങ്ങള്‍ക്ക് 1,366 രൂപ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിര്‍ദ്ദേശിക്കുന്നു. 
1,000 സിസി വരെയുള്ള സ്വകാര്യ ഫോര്‍ വീലര്‍ കാറുകള്‍ക്ക് ഡ്രാഫ്റ്റ് അനുസരിച്ച് 2,094 രൂപ നിരക്കില്‍ ഈടാക്കും, അതേസമയം 1,000-1,500 സിസി എന്‍ജിന്‍ വാഹനങ്ങള്‍ക്ക് ഇത് 3,416 രൂപയായി വര്‍ദ്ധിക്കും. 1,500 സിസി എന്‍ജിനില്‍ കൂടുതലുള്ള കാറുകള്‍ക്ക് പ്രീമിയം 7,897 രൂപയാണ്.

പൊതു സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് മൊത്തം വാഹന ഭാരം അനുസരിച്ച് 16,049 രൂപ മുതല്‍ 44,242 രൂപ വരെ പ്രീമിയം ലഭിക്കും. കരട് വിജ്ഞാപനമനുസരിച്ച് സ്വകാര്യ ചരക്കുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പ്രീമിയം 8,510 മുതല്‍ 25,038 വരെ ഈടാക്കും.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഇലക്ട്രിക് പാസഞ്ചര്‍, കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും 15 ശതമാനം ഇളവ് നല്‍കിക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice